തിരുവനന്തപുരം: മുൻ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽവച്ച് കെഎസ്യു പ്രവർത്തകർ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചു. ഡിജിപി ഇതുസംബന്ധിച്ച് ഉത്തരവിറക്കി. കെഎപി നാലാം ബറ്റാലിയൻ കമാൻഡന്റ് യു. പ്രേമൻ എസ്ഐടിയുടെ തലവനാകും.
കണ്ണൂർ സിറ്റി എസിപി ആസാദിനാണ് അന്വേഷണ ചുമതല. കെഎസ്യു പ്രവർത്തകർ ആയുധം ഉപയോഗിച്ച് വീണാ ജോർജിനെ ആക്രമിച്ചെന്ന പരാതിയിലാണ് നേരത്തെ കേസെടുത്തിരുന്നത്. ഫെബ്രുവരി 25ന് കണ്ണൂർ റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം. കരിങ്കൊടി പ്രതിഷേധത്തിനിടെ അഞ്ച് കെഎസ്യു പ്രവർത്തകരെ അറസ്റ്റ് ചെയ്തിരുന്നു.
മന്ത്രിക്ക് പരിക്കേറ്റെന്ന പരാതിയുടെ അടിസ്ഥാനത്തിൽ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. ആയുധം ഉപയോഗിച്ച് കഴുത്തിന് പരിക്കേൽപ്പിച്ചെന്നായിരുന്നു വീണാ ജോർജിന്റെ ഗൺമാന്റെ പരാതി. എന്നാൽ കരിങ്കൊടി പ്രതിഷേധത്തിനിടെ ഉന്തുംതള്ളും മാത്രമാണ് ഉണ്ടായതെന്നാണ് വീണാ ജോർജ് അന്വേഷണ സംഘത്തിന് നൽകിയ മൊഴി.
കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ മന്ത്രിയുടെ മൊഴിയെടുക്കാൻ അന്വേഷണ സംഘം പലതവണ ശ്രമിച്ചെങ്കിലും കഴിഞ്ഞിരുന്നില്ല. ഒടുവിൽ സംഭവം നടന്ന് രണ്ടുമാസത്തോടടുത്തപ്പോഴാണ് വീണാ ജോർജ് മൊഴി നൽകിയത്. അതേസമയം കേസ് കെട്ടിച്ചമച്ചതാണെന്നും ഇതിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ടി.ഒ. മോഹനൻ എംഎൽഎയും കെഎസ്യു പ്രവർത്തകരും പരാതി നൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് തുടരന്വേഷണത്തിന് തീരുമാനമായത്. കേസിന്റെ തുടക്കം മുതൽ നടന്ന നടപടികൾ പരാതിയുടെ അടിസ്ഥാനവും അന്വേഷണത്തിലെ വീഴ്ചകളും ഉൾപ്പെടെ പരിശോധിക്കുമെന്നാണ് വിവരം.